International
ടെൽ അവീവ്: ഗാസയിൽ ആക്രമണം നടത്താൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശക്തമായ ആക്രമണം നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഹമാസ്, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കമണ് വീണ്ടും ആക്രമണത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം എന്ന് കാട്ടി കഴിഞ്ഞ ദിവസം ഹമാസ് കൈമാറിയത് രണ്ട് വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രയേൽ ആരോപിച്ചു.
കസ്റ്റഡിയിൽ ഉള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇസ്രായേലിന്റെ വാദം. മൃതദേഹം കണ്ടെത്താൻ കാലതാമസം വരുമെന്ന് ബോധ്യപ്പെടുത്താൻ ആയിരുന്നു ഇതെന്നും ഇസ്രയേൽ പറയുന്നു. ഇതോടെയാണ് ഗാസയിൽ ആക്രമണം വീണ്ടും തുടരാൻ നെതന്യാഹു ആഹ്വാനം ചെയ്തത്.
International
വാഷിംഗ്ടൺ ഡിസി: ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്.
ഖത്തറിന്റെ പ്രദേശത്തിനോ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷയ്ക്കും നേരെയുണ്ടാകുന്ന ഭീഷണിയായി കണക്കാക്കുമെന്ന് എക്സിക്യൂട്ടീവ് ഉത്തരവ് ഉറപ്പുനൽകുന്നു.
"അത്തരമൊരു ആക്രമണം ഉണ്ടായാൽ, യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും അമേരിക്ക സ്വീകരിക്കും' – ട്രംപ് വ്യക്തമാക്കി.
ഖത്തറിൽ യുഎസ് സൈന്യത്തിന് താവളം ഉണ്ട്. പകരമായി ഖത്തറിന്റെ സുരക്ഷയും യുഎസ് ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഇതിനെ മറികടന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തെ മറികടന്ന ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസം മാപ്പു ചോദിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്.
International
ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗം ബഹിഷ്കരിച്ച് പ്രതിനിധികള്. ഗാസയിലെ സൈനിക നടപടിയെത്തുടർന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകൾക്കിടയിലാണ് നെതന്യാഹു യുഎൻ പൊതുസഭയിൽ സംസാരിക്കാനെത്തിയത്.
നെതന്യാഹു സംസാരിക്കുമ്പോൾ ഒരു ഭാഗത്ത് നിന്ന് അദ്ദേഹത്തിനെതിരായ കൂക്കി വിളികൾ ഉയർന്നപ്പോൾ മറ്റൊരു കോണിൽ ഇസ്രായേൽ പ്രതിനിധികളുടെ കൈയടികളുമുയർന്നു. പ്രധാന സഖ്യകക്ഷിയായ യുഎസിന്റെ പ്രതിനിധികൾ ഹാളിൽ തന്നെ തുടർന്നിരുന്നു.
എന്നാൽ യുഎസിന്റെയും യുകെയുടെയും യുഎന്നിലെ അംബാസിഡർമാരടക്കമുള്ള ഉന്നത നയതന്ത്രജ്ഞരുടെ അസാന്നിധ്യവും ശ്രദ്ധേയമായി. പകരം ജൂണിയറായിട്ടുള്ളവരും താഴ്ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരുമാണ് നെതന്യാഹുവിന്റെ പ്രസംഗം കേള്ക്കാനായി ഇരുന്നത്.
ഹമാസിന്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ഇസ്രായേൽ ഗാസയിലെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കും. അത് എത്രയും വേഗം ചെയ്യും. ഹമാസ് ആയുധം താഴെവച്ച് ഇസ്രായേൽ ബന്ദികളെ വിട്ടയയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ജറുസലേം: ഹമാസിനെ ഇല്ലാതാക്കുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ ഒരു ഭീഷണി അല്ലാതായിത്തീരുന്നത് വരെ സൈനിക നടപടികൾ തുടരും. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നേടും.
ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ജൂത പുതുവർഷ വേളയിലായിരുന്നു നെതന്യാഹുവിന്റെ സന്ദേശം. അതേസമയം ഇസ്രയേൽ ആക്രമണം ശക്തമാക്കുകയാണ്.
ഹമാസ് നേവൽ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇയാദ് അബു യൂസഫിനെ വധിച്ചെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു. ജോർദാൻ നദിയുടെ പടിഞ്ഞാറ് പലസ്തീൻ രാഷ്ട്രമുണ്ടാകില്ലെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യുകെ ഉൾപ്പടെ രാഷ്ട്രങ്ങൾ പലസ്തീനെ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
International
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുമെതിരേ "ഫത്വ' പുറപ്പെടുവിച്ച് ഇറാൻ.
"ദൈവത്തിന്റെ ശത്രുക്കൾ' എന്നു മുദ്രകുത്തി ഇറാനിലെ ഉന്നത ഷിയ പുരോഹിതൻ ആയത്തുള്ള നാസർ മകരേം ഷിരാസി ആണ് "ഫത്വ' പുറപ്പെടുവിച്ചത്. ഇസ്ലാമിക നേതൃത്വത്തെ ഭീഷണിപ്പെടുത്തിയ അമേരിക്കൻ, ഇസ്രയേൽ നേതാക്കളെ സ്ഥാനഭ്രഷ്ടരാക്കാൻ ലോകമെമ്പാടുമുള്ള മുസ്ലിംകളോട് ഷിരാസി ആഹ്വാനം ചെയ്തു.
ഇസ്ലാമികരാജ്യത്തെയോ, നേതാവിനെയോ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയെയും ഭരണകൂടത്തെയും "യുദ്ധപ്രഭു' അല്ലെങ്കിൽ "മൊഹറേബ്' ആയി കണക്കാക്കുന്നുവെന്നും ഷിരാസി പറഞ്ഞു.
"മൊഹറബ്' എന്നാൽ ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ആളാണെന്നും ഇറാനിയൻ നിയമപ്രകാരം "മൊഹറബ്' എന്ന കുറ്റം ചുമത്തുന്നവർക്ക് വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ മുറിച്ചുമാറ്റൽ അല്ലെങ്കിൽ നാടുകടത്തൽ എന്നിവ നേരിടേണ്ടിവരുമെന്നും ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അത്തരം ശത്രുക്കൾക്കായി മുസ്ലിംകളോ, ഇസ്ലാമിക രാഷ്ട്രങ്ങളോ നടത്തുന്ന ഏതു തരത്തിലുള്ള സഹകരണവും പിന്തുണയും ഹറാമോ നിഷിദ്ധമോ ആണ്. തന്റെ മതകടമ നിറവേറ്റുന്ന മുസ്ലിമിന് നഷ്ടങ്ങൾ നേരിടേണ്ടിവന്നാൽ, പോരാളിയായി പ്രതിഫലം ലഭിക്കുമെന്നും ഫത്വയിൽ ഷിരാസി പറയുന്നു.